പഴനിയാത്ര
2024 മെയ് മാസം നാലാം തിയതി ഞങ്ങൾ ഒരു പഴനി യാത്രയ്ക്കൊരുങ്ങി. രാവിലെ ഞങ്ങൾ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ എത്തി.
പത്തു മണിക്കുള്ള എഗ്മോർ ട്രെയിനിൽ കയറി. ഞാൻ വേഗം തന്നെ മുകളിലെ സ്ലീപ്പറിൽ കയറി. വരുമ്പോൾ വാങ്ങിയ രണ്ട് ബിസ്കറ്റ് പാക്കിൽ ഒരെണ്ണം അപ്പോൾ തന്നെ തിന്നു.സ്ഥലം ഇല്ലാത്തതു കൊണ്ട് ഞാൻ എങ്ങനെയൊക്കെയോ ആണ് കിടന്നത്. കോഴിക്കോട് എത്തിയപ്പോൾ മറ്റേ സ്ലീപ്പറിലെ മാമൻ ഇറങ്ങിയപ്പോൾ ഞാനങ്ങോട്ട് പോയി കിടന്നു.കുറേ കഴിഞ്ഞപ്പോൾ ഞാനൊരു പഴം കഴിച്ചു.
ഷൊർണൂർ എത്തിയപ്പോൾ ഞങ്ങൾ കൂടെ എടുത്തിരുന്ന ചോറ്, തൈരും ചമ്മന്തിയും കൂട്ടി കഴിച്ചു.രണ്ട് മണിക്ക് വണ്ടി പാലക്കാട് എത്തി.അവിടെ നിന്ന് പാലക്കാട് പളനി എക്സ്പ്രസ്സിൽ മാറി കയറി.അവിടെ നിന്ന് തുടങ്ങുന്നതു കൊണ്ട് ജനലുകൾ അടഞ്ഞുകിടന്നിരുന്നു. ഫാനുകൾ ഓഫായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ ഫാനുകൾ ഓണായി. സ്റ്റേഷൻ കഴിഞ്ഞപ്പോൾ വണ്ടി.പാളം മാറി.പാളം മാറുന്നതു കാണാൻ നല്ല രസമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ നല്ല മഴയായിരുന്നു. ജനലിലൂടെ നല്ല നല്ല കാഴ്ചകൾ കണ്ടു.തമിഴ്നാട്ടിലെ കൃഷിയും വീടുകളും കണ്ടു. കറണ്ട് ഉണ്ടാക്കുന്ന കാറ്റാടികൾ കണ്ടു.
ആറുമണിയോടെ ഞങ്ങൾ പഴനിയിലെത്തി.നേരെ ഞങ്ങൾ ഒരു ഓട്ടോ റിക്ഷയിൽ കയറി നേരത്തെ ബുക്ക് ചെയ്ത മുറിയിൽ എത്തി.നല്ല സൗകര്യമുള്ള ലോഡ്ജ് ആയിരുന്നു.
കുളിച്ച് ഞങ്ങൾ മുടിവെട്ടുന്ന സ്ഥലത്തെത്തി. ടോക്കൺ എടുത്തു. മുടിവെട്ടുന്നവർ നിരയായി ഇരിക്കുന്നുണ്ടായിരുന്നു. ഞാനും കാത്തുവും അവരുടെ മുന്നിൽ ഇരുന്നു. മുടി കളഞ്ഞു.വീണ്ടും കുളിച്ചു. ഞങ്ങളുടെ മൊട്ടത്തലയിൽ ചന്ദനം തേച്ചു.അപ്പോൾ നല്ല തണുപ്പായിരുന്നു.
അമ്പലം ഉയരത്തിലായിരുന്നു.കയറാൻ റോപ്പ് വെയും ലിഫ്റ്റും ഉണ്ടായിരുന്നു. അതറിയാതെ ഞങ്ങൾ മുകളിലേക്ക് നടന്നാണ് കയറിയത്. ഞാനും കാത്തുവും ഓടിക്കയറി.അച്ഛനും അമ്മയും കുറച്ച് ബുദ്ധിമുട്ടി. മുകളിലെത്തി തിരിഞ്ഞ് നോക്കിയപ്പോൾ ചുറ്റും നാടു മുഴുവൻ കാണാമായിരുന്നു.
നല്ല ക്യു ആയിരുന്നു.നേരം വൈകിയെങ്കിലും നന്നായി തൊഴുതു. പ്രസാദം കഴിച്ചു.പ്രസാദമായി കിട്ടിയ നുറുക്ക് അവിടെ അലഞ്ഞു നടന്നിരുന്ന നായകൾക്ക് തിന്നാൻ കൊടുത്തു.
തിരിച്ച് മലയിറങ്ങി.അപ്പോൾ നന്നായി വിശക്കുന്നുണ്ടായിരുന്നു. താഴെ എത്തി റോസ്റ്റും ചായയും കഴിച്ചു. ലോഡ്ജിലേക്കുള്ള വഴി തെറ്റി.നടന്നു പോകേണ്ട വഴി ഓട്ടോയിൽ കയറി ലോഡ്ജിലെത്തിയപ്പോൾ നേരം പന്ത്രണ്ട് മണി. ക്ഷീണം കൊണ്ട് നന്നായി ഉറങ്ങി.
രാവിലെ അച്ഛൻ നിർബന്ധിച്ചതു കൊണ്ടാണ് ഞാൻ എഴുന്നേറ്റത്.പല്ല് തേച്ച് കുളിച്ച് ഭക്ഷണം കഴിക്കാൻ പോയി. മടക്കയാത്രയ്ക്ക് ബസ് സ്റ്റാൻ്റിലെത്തി.അപ്പുറത്ത് ഒരു KSRTC സ്വിഫ്റ്റ് ഉണ്ടായിരുന്നു. അതിൽ കയറി ഞങ്ങൾ ഷൊർണൂരിലെത്തി.അച്ഛനും അമ്മയ്ക്കും ഞാൻ ഛർദ്ദിക്കുമോ എന്ന് പേടിയുണ്ടായിരുന്നു.ഞാനും കാത്തുവും ഗുളിക കഴിച്ചിരുന്നു. ബസ്സിൽ സുഖമായിരുന്നു.
ഷൊർണൂർ ഹോട്ടലിൽ നിന്ന് ചോറുണ്ടു.
റെയിൽവെ സ്റ്റേഷനിലെത്തി ഗസ്റ്റ് റൂമിൽ ട്രെയിനിനു വേണ്ടി കാത്തിരുന്നു. മൂന്നു മണിക്ക് വന്ന കോയമ്പത്തൂർ കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ കയറി. ക്ഷീണം കൊണ്ട് ഉറങ്ങി പോയി.ഉണർന്നു.വണ്ടി ഒന്നു രണ്ട് സ്റ്റേഷനിൽ കുറേ നേരം ഇട്ടു.ബോറടി മാറ്റാൻ ഹൈഡ് ആൻ്റ് സീക്ക് എന്ന ബിസ്കറ്റ് തിന്നു. രാത്രി എട്ടുമണിയോടെ തിരികെ ഞങ്ങൾ കൊയിലാണ്ടിയിലെത്തി.
വീട്ടിലെത്തിയപ്പോൾ ഞങ്ങൾക്ക് നല്ലൊരു യാത്ര കഴിഞ്ഞ സന്തോഷമായിരുന്നു.
![]() |
| ഞാനും കാത്തുവും പഴനിയിൽ |
![]() |
| ഞങ്ങൾ പടിയിറങ്ങുമ്പോൾ ഒരു ആൻ്റി എടുത്തുതന്ന ഫോട്ടോ |


Comments
Post a Comment